Tuesday 1 May 2012

അല്പം ചില മേയ്ദിന ചിന്തകള്‍

മേയ് ഒന്ന്, ലോക തൊഴിലാളി ദിനം. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളില്‍ മരിച്ചുവീണ നൂറുകണക്കിനു തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കൊലമരത്തില്‍ ഏറേണ്ടിവന്ന പാര്‍സന്‍സ്, സ്‌പൈസര്‍, ഫിഷര്‍, എംഗള്‍സ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാര്‍ത്ഥമാണ് ഈ ദിനം ആചരിക്കുന്നത്. ഫ്രെഡറിക്ക് എംഗള്‍സിന്റെ നേതൃത്വത്തിലുള്ള രണ്ടാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലാണ് ഈ ദിനം സാര്‍വ്വദേശീയ തൊഴിലാളി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചത്. ആദ്യകാലത്ത് റഷ്യയിലും ചൈനയിലുമാണ് ഈ ദിനം വളരെ സജീവമായി ആചരിച്ചുവന്നത്. പിന്നീട് ലോകം മുഴുവന്‍ ഈ ദിനം ഏറ്റെടുക്കുകയായിരുന്നു. അമേരിക്ക, ദക്ഷിണാഫ്രിക്ക, കാനഡ മുതലായ ചില രാജ്യങ്ങള്‍ മേയ്ദിനം ഇനിയും അംഗീകരിച്ചിട്ടില്ല. അമേരിക്കയില്‍ ഈ ദിനം നിയമദിനമായാണ് ആചരിക്കുന്നത്. ഇന്ത്യയില്‍ 1923ല്‍ മദ്രാസിലാണ് ആദ്യമായി മേയ്ദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ മേയ് 1 പൊതു അവധി ആയത് അതിനുശേഷമാണ്. 1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴാണ് കേരളത്തില്‍ മേയ്ദിനം പൊതു അവധി ആകുന്നത്. മേയ്ദിനം അംഗീകരിച്ചിട്ടുള്ള മിക്ക രാജ്യങ്ങളിലും ഈ ദിനം പൊതു അവധിയാണ്. വിപ്ലവഗാനങ്ങള്‍ പാടുവാനും വിപ്ലവനേതാക്കളെ ഓര്‍ക്കാനും തൊഴിലാളിവര്‍ഗ്ഗ വിമോചനത്തിനുള്ള പോരാട്ടങ്ങള്‍ക്ക് ആവേശം പകരുവാനും മേയ്ദിനം ഉപകരിക്കുന്നു. വെറുമൊരു ദിനാചരണമല്ല മേയ് ദിനം. അത് തൊഴിലാളികളടക്കം അടിമസമാനമായ ജീവിതം നയിക്കുന്നവരുടെയും പലവിധ ചൂഷണങ്ങള്‍ക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണ്. ഒപ്പം ആധുനികകാലത്ത് ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് മേയ്ദിനം നല്‍കുന്ന സന്ദേശം ഉത്തേജനം നല്‍കും.
പതിനാറാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിനു ശേഷം ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ തൊഴിലാളികളെക്കൊണ്ട് രാവും പകലും അടിമകളെ പോലെ മുതലാളിമാര്‍ പണിയെടുപ്പിച്ചു. തൊഴിലാളികള്‍ക്ക് ന്യായമായ വേതനം മുതലാളിമാര്‍ നല്‍കിയിരുന്നില്ല. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ ലാഭക്കൊതിയന്മാരായ മുതലാളിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധിച്ച് തൊഴിലാളികള്‍ വെറും യന്ത്രസമാനമായി പണിയെടുത്തുകൊണ്ടിരിക്കണം. യന്ത്രങ്ങള്‍ക്ക് നല്‍കുന്ന വിശ്രമം പോലും അവര്‍ക്ക് നല്‍കിയിരുന്നില്ല. തൊഴിലാളികള്‍ ശാരീരികമായും മാനസികമായും സാമ്പത്തികമായും വാക്കുകള്‍ക്ക് അതീതമായത്രയും കടുത്ത പീഡനങ്ങള്‍ക്ക് വിധേയമായി. സ്വാഭാവികമായും സഹനത്തിന്റെയും ക്ഷമയുടെയും അതിര്‍വരമ്പുകള്‍ നഷ്ടപ്പെട്ട തൊഴിലാളിവര്‍ഗ്ഗം മനുഷ്യത്വ രഹിതമായ മുതലാളിത്ത സമീപനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറായി. ദിവസവും പതിനാലും പതിനാറും മണിക്കൂര്‍ വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും ചെയ്യുന്ന ജോലിയ്ക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും തൊഴില്‍ സമയം ക്ലിപ്തപ്പെടുത്തണമെന്നും തൊഴിലാളികള്‍ ശക്തമായി ആ!വശ്യപ്പെട്ടു. ന്യായമായി ഉയര്‍ത്തിയ ആവശ്യങ്ങള്‍ക്ക് മുഴുവന്‍ തൊഴിലാളികളുടെയും ഉറച്ച പിന്തുണ നേടിയെടുക്കുവാന്‍ കഴിഞ്ഞു. 1886ല്‍ ചിക്കാഗോ നഗരത്തിലെ നാലുലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം തുടങ്ങി. അന്നുവരെ കേട്ടു കേള്‍വിയില്ലാത്തതായിരുന്നു ഈ തൊഴിലാളിവര്‍ഗ്ഗമുന്നേറ്റം. അതുകൊണ്ടുതന്നെ മുതലാളിവര്‍ഗ്ഗം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.അതിനു മുമ്പും യൂറോപ്പിലും അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും തൊഴിലാളി സമരങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥിതി ആധിപത്യം സ്ഥാപിച്ച രാജ്യങ്ങളില്‍ പ്രത്യേകിച്ചും. ഇന്ത്യയില്‍ 1862ല്‍ കല്‍ക്കട്ടയിലെ ഹൌറയില്‍ റെയില്‍വേ തൊഴിലാളികള്‍ നടത്തിയ സമരം ചിക്കാഗോ സമരത്തിനു മുന്നേ നടന്ന ഒറ്റപ്പെട്ട തൊഴിലാളിമുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ 1886 ല്‍ ചിക്കാഗോയില്‍ നടന്ന സമരത്തിന് ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. എട്ടു മണിക്കൂര്‍ ജോലി എന്ന ആവശ്യമുയര്‍ത്തി ഇത്രമാത്രം വിപുലമായി ഒരു സംഘടിത സമരം നടക്കുന്നത് ആദ്യമായി ചിക്കാഗോ തെരുവുകളിലായിരുന്നു.

എത്ര ന്യായമായ ആവശ്യങ്ങളായിരുന്നിട്ടുകൂടിയും അവ അംഗീകരിച്ചുകൊടുക്കാന്‍ ചിക്കാഗോയിലെ മില്ലുടമകളും വ്യവസായ മുതലാളിമാരും തയ്യാറായില്ല. ഭരണാധികാരികളാകട്ടെ മുതലാളിമാരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. തൊഴിലാളി സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ ഒത്താശകളും ഭരണകൂടം ചെയ്തുകൊടുത്തു. എന്നാല്‍ ഭരണാധികാരികളുടെയോ മുതലാളിമാരുടെയോ ഭീഷണികള്‍ക്കും അടിച്ചമര്‍ത്തലുകളുക്കും മുന്നില്‍ മുട്ടുമടക്കാതെ തൊഴിലാളിസമരം മുന്നേറി. പോലീസിനെതിരെ ബോംബെറിഞ്ഞെന്നും മറ്റുമുള്ള കള്ളപ്രചരണങ്ങള്‍ അഴിച്ചുവിട്ട് തൊഴിലാളി മുന്നേറ്റത്തെ അടിച്ചമര്‍ത്താന്‍ തൊഴിലാളി വിരുദ്ധ ഭരണകൂടം തയ്യാറായി. 1886ല്‍ ചിക്കാഗോയിലെ ഹേമാര്‍ക്കറ്റ് സ്‌ക്വയറില്‍ വൈകിട്ട് ഏഴു മണിയ്ക്കാരംഭിച്ച ഒരു പൊതുയോഗത്തില്‍ രാത്രി പത്തരയോടെ അമേരിക്കന്‍ പട്ടാളം ഇടിച്ചുകയറുകയും എവിടെനിന്നെന്നറിയാതെ ബോംബ്‌പൊട്ടുകയും ചെയ്തു! ക്രൂരമായ ലാത്തിച്ചാര്‍ജും വെടിവയ്പും ഉണ്ടായി. നൂറുകണക്കിനാളുകള്‍ സമരഭൂമിയില്‍ മരിച്ചു വീണു. അനേകായിരങ്ങള്‍ക്ക് പരിക്കുകളേറ്റു. നല്ലൊരു തൊഴില്‍ സംസ്‌കാരത്തിനു വേണ്ടിയുള്ള ഈ ആദ്യ പ്രതിഷേധം ഭരണകൂടവും മുതലാളിവര്‍ഗ്ഗവും ചോരയില്‍ മുക്കിക്കൊന്നെങ്കിലും പിന്നീട് എട്ട് മണിക്കൂര്‍ ജോലിയും കുറച്ചുകൂടി ഭേദപ്പെട്ട വേതനലഭ്യതയിലും അത് കലശിച്ചിരുന്നു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ന്യായമായ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ ചിക്കാഗോ നഗരം ചോരക്കളമാക്കി മാറ്റിയ മുതലാളിത്തഭരണകൂട ഭീകരതയ്‌ക്കെതിരെ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ ഓര്‍മ്മയ്ക്കു മുന്നില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള തൊഴിലാളികള്‍ മേയ്ദിനം ആചരിക്കുന്നത്.
ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പില്‍ക്കാല സമരങ്ങള്‍ക്ക് പ്രചോദനമായിരുന്നു മേയ്ദിന പ്രക്ഷോഭം. അങ്ങനെ പിന്നീട് ലോകമെങ്ങും നടന്ന എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പല തൊഴിലവകാശങ്ങളും കവര്‍ന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന പ്രവണത ഇന്ന് ലോകവ്യാപകമായുണ്ട്.. അടിമസമാനമായ തൊഴില്‍ സാഹചര്യങ്ങളില്‍ ഇന്നും ലക്ഷോപലക്ഷം തൊഴിലാളികള്‍ ലോകത്താകമാനം കഷ്ടപ്പെടുന്നുണ്ട്. പ്രവാസജിവിതം നയിക്കുന്ന തൊഴിലാളികളുടെ സ്ഥിതിയും എടുത്തു പറയേണ്ടതാണ്. ലോകത്തെവിടെയും സമാനതകളുള്ള പല ദുരിതങ്ങളും തൊഴിലാളികള്‍ അനുഭവിക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഖനികളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മുതല്‍ അധുനിക ശാസ്ത്രസാങ്കേതിക യുഗത്തിലെ ഐ.റ്റി തൊഴിലാളികള്‍ വരെ കഠിനമായി ചൂഷണം ചെയ്യപ്പെടുന്നത് നമുക്കിന്ന് നിത്യക്കാഴ്ചകളാണ്. ചില മേഖലകളില്‍ മൃഗതുല്യമാണ് തൊഴിലാളികളുടെ ജീവിതമെങ്കില്‍ മറ്റ് ചിലമേഖലകളില്‍ യന്ത്രസമാനമായ ജീവിതമാണെന്നു മാത്രം. സാമ്രാജ്യത്വം അലറി ഗര്‍ജ്ജിച്ച് ലോകത്തെ പേടിപ്പിക്കുന്ന ഈ സമ്പന്നകോര്‍പറേറ്റ് മുതലാളിത്തകാലത്തെ നിരവധി പീഡാനുഭവങ്ങള്‍ക്കിടയില്‍ ഉള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി ഇല്ലാതാക്കുന്ന ഭരണകൂട നയങ്ങള്‍ കൂടിയാകുമ്പോള്‍ അതിസമ്പന്ന മുതലാളിമാരൊഴികെയുള്ള ഭൂരിപക്ഷജനതയ്ക്ക് ജീവിതം തന്നെ ഒരു പേടി സ്വപ്നമായി മാറുകയാണ്. ആ നിലയില്‍ തൊഴിലാളി വര്‍ഗ്ഗ വിമോചനത്തിനുവേണ്ടി മാത്രമല്ല സാമ്രാജ്യത്വത്തിനെതിരെയുള്ള ചെറുത്തുനില്പുകള്‍ക്കു കൂടി പ്രചോദനമാകേണ്ടതുണ്ട് നമ്മുടെ മേയ്ദിനചിന്തകള്‍! കാരണം ഇതു രണ്ടുംകൂടി കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് ഇന്നത്തെ ലോകം. ലോകത്തെ ഒട്ടുമുക്കാല്‍ ഭരണകൂടങ്ങളാകട്ടെ അവയുടെ പതാക വാഹകരും! ഈ ആഗോള സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ നമുക്ക് കരുത്ത് പകരുന്നതാകട്ടെ ഈ മേയ്ദിനവും.
ഇന്ന് തൊഴിലാളികള്‍ എന്നൊരു വര്‍ഗ്ഗമില്ലെന്ന് ചില കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ പ്രചരിപ്പിക്കുന്നുണ്ട്. വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് യൂറോപ്പിലും മറ്റും ഉയര്‍ന്നുവന്ന ഫാക്ടറി തൊഴിലാളികള്‍ മാത്രമല്ല തൊഴിലാളികള്‍. അന്നത്തെ പോലത്തെ ഫാക്ടറി മുതലാളികള്‍ മാത്രമല്ല ഇന്നത്തെ മുതലാളിമാര്‍. അന്ന് മിക്കവാറും മുതലാളിയും തൊഴിലാളികളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇന്ന് വന്‍കിട മള്‍ട്ടി നാഷണല്‍കോപ്പറേറ്റ് കമ്പനികള്‍ അടക്കം മുതലാളിനിരയില്‍ വരും. ഇന്ന് പ്രധാ!നപ്പെട്ട പല തൊഴില്‍ മേഖലകളിലും മുതലാളി അദൃശ്യനും വിദൂരവാസിയുമാണ്. നേരിട്ട് തൊഴിലാളി മുതലാളി ബന്ധമില്ലാത്തത്രയും വിപുലമായ വ്യാവസായിക സംരംഭങ്ങളിലാണ് ഇന്ന് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ പണിയെടുക്കുന്നത്. ഒരേ മുതലാളിയുടെ അഥവാ മുതലാളി ഗ്രൂപ്പുകളുടെ കീഴില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഇന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് തൊഴിലാളി എന്നാല്‍ ഏതെങ്കിലും ഒരു രാജ്യത്തെ ഒരു സിംഗിള്‍ മുതലാളിയുടെ കീഴില്‍ പണിയെടുക്കുന്നവര്‍ മാത്രമല്ല. തൊഴിലാളിയ്ക്ക് ഇന്ന് അന്തര്‍ദ്ദേശീയ മാനമുണ്ട്. മാനുഷിക വിഭവശേഷിയുടെ അന്തര്‍ദേശീയ കൊടുക്കല്‍ വാങ്ങലുകള്‍ ഇന്ന് സാര്‍വത്രികമാണ്. മുതലാളിത്ത സംരംഭകര്‍ക്കും ഇന്ന് രാജ്യാതിര്‍ത്തികള്‍ ഭേദിച്ചുള്ള മുതല്‍ മുടക്കുകളും വ്യവസായശൃംഘലകളുമാണുള്ളത്.
ഇന്ന് തൊഴിലാളി എന്നു കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഒരു രാജ്യത്ത് വ്യവസായ ശാലകളില്‍ പണിയെടുക്കുന്നവരെ മാത്രമോ ചുമട്ടു തൊഴിലാളികളെയോ മറ്റോ മാത്രമോ മനസില്‍ വയ്ക്കരുത് . സ്വന്തം ഉപജീവനത്തിനുവേണ്ടി ശാരീരികമായും മാനസികമായും അദ്ധ്വാനിക്കുന്ന ഏതൊരാളും തൊഴിലാളിയാണ്. ഖനിത്തിഴിലാളി മുതല്‍ ആധുനിക ശാസ്ത്ര സാങ്കേതികവിപ്ലവകാലത്തെ ഐ.റ്റി പ്രൊഫഷണലുകള്‍ വരെയും തൊഴിലാളികളാണ്. വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റ് തരം തൊഴിലാളികളില്‍ നിന്ന് ഭിന്നരല്ല. കായികമായി അദ്ധ്വാനിക്കുന്നവര്‍ മാത്രമല്ല തൊഴിലാളികള്‍. ക്ലറിക്കല്‍ ജോലികളടക്കം മാനസികമായ അധ്വാനം നടത്തുന്നവരും തൊഴിലാളികളാണ്. ഇന്ന് ഈ എല്ലാ തൊഴില്‍ മേഖലകളിലും ലോകത്തെവിടെയും പ്രശ്‌നങ്ങളുണ്ട്. പലവിധത്തിലുള്ള ചൂഷണങ്ങള്‍ ഉണ്ട്. അനീതികള്‍ ഉണ്ട്. എട്ട് മണിക്കൂര്‍ ജോലി എന്നത് ലോകത്തെവിടെയും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിനു വിപരീതമായ തൊഴിലെടുപ്പിക്കലും ചൂഷണങ്ങളും ഇന്നും സര്‍വ്വവ്യാപകമായുണ്ട്. മാത്രവുമല്ല ആഗോള വല്‍ക്കരണകാലത്ത് ഉള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി ഭരണകൂടങ്ങളുടെ പിന്തുണയോടെ ഇല്ലാതാക്കുവാന്‍ മുതലാളിത്തശക്തികള്‍ ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരം തൊഴില്‍ എന്ന സമ്പ്രദായം ഇല്ലാതാക്കി ദിവസക്കൂലിക്കാരെയും കരാര്‍ ജോലിക്കാരെയും സൃഷ്ടിക്കുവാനാണ് ആധുനിക മുതലാളിത്തസാമ്രാജ്യത്വ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സേവനവേതന വ്യവസ്ഥകള്‍ പരമാവധി വെട്ടിക്കുറയ്ക്കുകയെന്നത് ഒരു ഭരണകൂടതാല്പര്യമായിത്തന്നെ വളര്‍ത്തിയെടുക്കുവാന്‍ ലാഭക്കൊതി പൂണ്ട മുതലാളിത്ത ശക്തികള്‍ക്ക് കഴിയുന്നു.
മാത്രവുമല്ല ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി വരുന്ന ബിഗ്ബസാര്‍ സംസ്‌കാരത്തില്‍ കൃഷിയും ചെറുകിട വ്യവസായ സംരംഭങ്ങളും ചെറുകച്ചവടങ്ങളുമടക്കം ഉപജീവനത്തിനുവേണ്ടിയുള്ള ചെറിയ ചെറിയ സ്വയം തൊഴില്‍ സംരംഭങ്ങളൊക്കെ തകര്‍ന്നടിഞ്ഞ് പരമ്പരാഗതമായി നിലനിന്നു പോന്ന തൊഴിത്സാഹചര്യങ്ങള്‍ ഇല്ലാതാകുകയാണ്. ചെറുകിട നാമമാത്ര കര്‍ഷകരെല്ലാം ദുരിതക്കയത്തിലാണ്. കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. നമ്മുടെ കേരളത്തില്‍ നോക്കുകൂലിയെന്ന പേരു പറഞ്ഞ് കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. നോക്കുകൂലി എന്നത് ന്യായീകരിക്കത്തക്കത് അല്ലെങ്കിലും ബോധപൂര്‍വ്വമുള്ള തൊഴില്‍നിഷേധത്തെ ന്യായീകരിക്കുവാന്‍ നോക്കുകൂലി സമ്പ്രദായത്തെ പലപ്പോഴും എടുത്തുപയോഗിക്കാറുണ്ട്. തൊഴിലാളി വിരുദ്ധമനോഭാവം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ചിക്കാഗോ പ്രക്ഷോഭത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും കാറല്‍ മാര്‍ക്‌സ് വിഭാവനം ചെയ്തതുപോലെ മുതലാളിയ്ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുവാന്‍ കഠിനമയി അദ്ധ്വാനിക്കുന്ന തൊഴിലാളിയ്ക്ക് ലാഭവിഹിതം നല്‍കുക എന്നത് ഇന്നും ലോകത്തെവിടെയും അംഗീകരികപ്പെടാത്ത ഒരു ന്യായമായ ആവശ്യമായി അവശേഷിക്കുന്നു. വമ്പിച്ച ലാഭമുണ്ടായാല്‍ പോലും സര്‍ക്കാര്‍ സംരംഭങ്ങളില്‍ പണിയെടുക്കുന്നവര്‍ക്കുകൂടിയും അര്‍ഹമായ ലാഭവിഹിതം പോയിട്ട് ലാഭത്തിന് ആനുപാതികമായ സേവന വേതന പരിഷ്‌കരണം പോലും നടപ്പിലാകുന്നില്ല.
സിംഗിളും കോര്‍പ്പറേറ്റും ഒക്കെയായ മള്‍ട്ടി നാഷണല്‍ മുതലാളിമാര്‍ ഒക്കെയും തൊഴിലാളികളുടെ അദ്ധ്വാന ഫലമാ!യുണ്ടാകുന്ന ലാഭം കൊണ്ട് രാജ്യങ്ങള്‍ സെന്റ് വിലയ്ക്ക് അളന്നു വാങ്ങാന്‍ കഴിയുന്നതിലും എത്രയോ അധികം സമ്പത്ത് കുന്നുകൂട്ടുന്നു. രാജഭരണകാലത്തുപോലും രാജാവിനെക്കാള്‍ വലിയ പണക്കാരന്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍ ഈ ആധുനിക ജനാധിപത്യ യുഗത്തില്‍ സമ്പന്ന മുതലാളി വര്‍ഗ്ഗത്തിന് ഭരണകൂടത്തെയും രാജ്യത്തെത്തന്നെയും വിലയ്ക്കു വാങ്ങാന്‍ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. അഥവാ ജനങ്ങളെ ആകെത്തന്നെ വിലയ്ക്കു വാങ്ങി അടിമകളാക്കി വയ്ക്കുന്നു എന്നുവേണം പറയാന്‍. അതുകൊണ്ടാണല്ലോ മുതലാളിത്ത ചൂഷണത്തിനു വിധേയരാകുന്നവരും അതിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നവരുമായ സാധാരണ മനുഷ്യരുംകൂടി അറിഞ്ഞും അറിയാതെയും മുതലാളിത്തത്തിന്റെ പതാ!ക വാഹകരായി മാറുന്നത്. ഈ ഒരു ആഗോള സാഹചര്യത്തില്‍ തൊഴിലാളിവര്‍ഗ്ഗം നേരിടുന്ന പഴയരൂപത്തില്‍ത്തന്നെയുള്ളതും പുതിയ കാലത്ത് പുതിയ രൂപത്തില്‍ ഉള്ളതുമായ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാനും ആത്യന്തികമായി തൊഴിലാളിവര്‍ഗ്ഗഭരണം സ്ഥാപിക്കുവാനും ഇന്നും ഇനിയും അനിവാര്യമാകുന്ന പോരാട്ടങ്ങള്‍ക്ക് പുതിയ നിര്‍വ്വചനങ്ങള്‍ നല്‍കി മുന്നേറുവാനും ഈ മേയ്ദിനം നമുക്ക് പ്രചോദനമാകട്ടെ! എല്ലാവര്‍ക്കും മേയ്ദിനാശംസകള്‍!

AILRSA PGT DIV.BGM 0n 27.04.2012@calicut. SOME PHOTOS

 COM.KAS.MONEY  addressing..














COM.MATHIEW SYRIAC
(DIV.SEC./DREU)

 SWR.ZONAL SEC:-.COM.C.SUNISH













AILRSA SRR BR.SEC.
COM.P.S.VARGHESE
 INAUGURATION BY Sri. ELAMARAM
KAREEM.MLA
(EX.MINISTER OF KERALA)
 COM.C.T.SHAJI(DIV.SEC)
presenting the REPORT.....

 REPLY TO SEC'S  REPORT
By.COM.P.S.VARGHESE












 REPLY TO SEC'S  REPORT
BY    COM.V.K.MUKUNDAN
  REPLY TO SEC'S  REPORT
By COM.K.C.JAMES

COM.U.BABURAJAN (New DIV.SEC of AILRSA/PGT)
ADDRESSING THE MEMBERS.....after taking charge....